ആചാരാനുഷ്ഠാനങ്ങള്‍

acharangal.jpg

ആചാരാനുഷ്ഠാനങ്ങള്‍
ആചരിച്ചുവരുന്നതാണല്ലോ ആചാരം. അത് പ്രയോഗത്തില്‍ വരുമ്പോള്‍ അനുഷ്ഠാനങ്ങളായും രൂപപ്പെടുന്നു. ഭൂരിപക്ഷം ആളുകള്‍ ആചരിച്ചുവരുമ്പോള്‍ ആചാരവും അല്‍പ്പം ചിലരിലേക്ക് മാത്രമായി അത് ചുരുങ്ങുമ്പോള്‍ അനാചാരവുമായിത്തീരുന്നു. അനാചാരങ്ങള്‍ക്ക് അധികകാലം പിടിച്ചുനില്‍ക്കാനാവില്ല. അത് അപ്രത്യക്ഷമാകുമ്പോള്‍ പുതിയ ആചാരങ്ങള്‍ രൂപപ്പെട്ടുവരുന്നതും സ്വാഭാവികമാണ്.

1. ഒരു ദിവസം ആരംഭിക്കുന്നു

ബ്രാഹ്മമുഹൂര്‍ത്തത്തില്‍ ഉണര്‍ന്ന് എഴുന്നേല്‍ക്കണമെന്നായിരുന്നു പഴയകാലത്ത് ഉണ്ടായിരുന്ന ആചാരം. അതായത് സൂര്യോദയത്തിന് ഏഴരനാഴികമുമ്പ് എന്നര്‍ത്ഥം. ഒരു മണിക്കൂര്‍ സമയമെന്നാല്‍ രണ്ടരനാഴികയെന്നാണ് കണക്ക്. ആ നിലയ്ക്ക് ഉദയത്തിന് മൂന്നു മണിക്കൂര്‍ മുമ്പ് ബ്രാഹ്മമൂഹൂര്‍ത്തമായി. തിരക്കുപിടിച്ച ആധുനിക മനുഷ്യന് മൂന്നുമണിക്ക് എഴുന്നേറ്റ് ദിനചര്യകള്‍ ആരംഭിക്കുകയെന്നത് അപ്രായോഗികമാണ്. അതിന് സന്നദ്ധരായവര്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമേ കാണുകയുള്ളു. ആ പാശ്ചാത്തലത്തിലാകണം ആ പഴയ ആചാരം സൂര്യോദയത്തിനുമുമ്പ് എന്ന രീതിയില്‍ ആചരിക്കാന്‍ തുടങ്ങിയത്. കാലത്തിനൊത്ത ആ മാറ്റം പുതിയ ആചാരമായി മാറാന്‍ അധികം താമസമുണ്ടെന്ന് തോന്നുന്നില്ല.

വലതുവശം തിരിഞ്ഞ് കേശവായ നമ: എന്ന് പറഞ്ഞ് എഴുന്നേറ്റിരിക്കണം.

‘കരാഗ്രേ വസതേ ലക്ഷ്മീ
കരമദ്ധ്യേ സതസ്വതീ
കരമൂലേ സ്ഥിത: ഗൗരീ
പ്രഭാതേ കരദര്‍ശനം’

കൈപ്പടങ്ങള്‍ മലര്‍ത്തിപ്പിടിച്ച് അതിലേക്ക് നോക്കി ലക്ഷ്മി, സരസ്വതി, ഗൗരി എന്നീ ദേവിമാരെ ദര്‍ശിക്കുന്നു എന്ന് സാരം. അതിനുശേഷം എഴുന്നേറ്റ് കാലുകൊണ്ട് ഭൂമിയെ സ്പര്‍ശിക്കുന്നതിന് മുമ്പായി ഭൂമിയെ തൊട്ടുവന്ദിക്കണം.അതിന് ചൊല്ലേണ്ടതായ ക്ഷമാപണമന്ത്രം ഇങ്ങനെയാണ്.

‘സമുദ്രാ വസനേ ദേവീ
പര്‍വതസ്തനമണ്ഡലേ
വിഷ്ണുപത്‌നീ നമസ്തുഭ്യം
പാദസ്പര്‍ശം ക്ഷമസ്വ മേ’

ഭുമിയില്‍ സ്പര്‍ശിക്കുന്നതോടെ ശരീരത്തിലുള്ള മലിനോര്‍ജം പുറത്തുപോയി പുതിയ ശുദ്ധോര്‍ജം ശരീരത്തില്‍ പ്രവേശിക്കുന്നു. കാല് ആദ്യം ഭൂമിയില്‍ സ്പര്‍ശിച്ചാല്‍ ആ ഊര്‍ജം കീഴ്‌പ്പോട്ടു പോകും കൈ ആയാല്‍ ഊര്‍ജം മേല്‍പോട്ടു വ്യാപിച്ച് ശരീരബലം വര്‍ദ്ധിക്കുമെന്ന് ശാസ്ത്രം തെളിയിക്കുന്നു. കൈകൊണ്ടു ഭൂമി തൊട്ടു വന്ദിക്കുന്നതിന്റെ രഹസ്യമിതാണ്.

Leave a Reply

Your email address will not be published. Required fields are marked *